Skip to main content

Featured Post

ആത്മാവ് പാടുമ്പോൾ - 5, ലോക്ക് ഡൗൺ

കറുപ്പിനും വെളുപ്പിനും നടുക്ക്, രാത്രിയ്ക്കും പകലിനും മദ്ധ്യേ വീണ്ടുവിചാരത്തിന്റെ നേർത്ത  ഒരിടമുണ്ടത്രേ. പാഞ്ഞു പോകുന്ന കാലത്തിനെ എത്തിപിടിക്കാൻ നെട്ടോട്ടം ഓടുന്ന മനുഷ്യന്  പച്ചയ്ക്കും ചുവപ്പിനുമിടയിൽ വിലക്കിന്റെ ഒരു മഞ്ഞ ഉള്ളതുപോലെ. മഞ്ഞപുതച്ച ആ കാലത്താണ് നാം. ഓട്ടം നിർത്തി ഒരല്പം പയ്യെ പോകാം എന്ന് കാലം തന്നെ പറയ്യേണ്ടി വന്ന പോലെ. മനസ്സിന്റെ മുഖംമൂടികൾക്ക് മീതെ, വികാരങ്ങളെ കുരുക്കുന്ന കണ്ണുകൾ മാത്രം പുറത്താക്കി മുഖങ്ങൾ കൂടി മൂടിക്കെട്ടി ഒരു കാലം.  "ഹാ മനുഷ്യാ.. ഇനി നിന്റെ കണ്ണുകൾ സംസാരിക്കട്ടെ. വാക്കുകൾ മരിക്കട്ടെ. നീ ആരെന്ന് നീ തന്നെ അറിയട്ടെ!!!", കാലം പറഞ്ഞു. സ്നേഹം സ്വഭവനങ്ങളിലേയ്ക്ക് മടങ്ങി. മലിനമായതൊക്കയും തെളിഞ്ഞു. ലക്ഷ്യങ്ങൾ എകീകരിക്കപ്പെട്ടു. ജീവിക്കുക.. അത്ര മാത്രം.  ഇന്നേയ്ക്കപ്പുറം നാളെയെന്തനറിയില്ല.    അനിശ്ചിതത്വം കര കവിഞ്ഞൊഴുകുന്നു. എങ്കിലും... പൊടി പിടിച്ച പലതിനെയും പൊടി തട്ടി ഓർത്തെടുക്കാൻ  , ജീവിതത്തെയും ഉത്തരവാദിത്വങ്ങളെയും പഴി ചാരി മനപ്പൂർവം മറന്ന ചിലതിലേയ്ക്ക് തിരിച്ചുപോകാൻ  , ചില പഴങ്കഥകളെ കൂട്ടുപിടിക്കാൻ , എല്ലാത്തിനുമുപരിയായ

ഓർമ്മകളിലെ ആ ബസ്സ് യാത്ര




അയാളെ ആദ്യമായി ഞാൻ ശ്രദ്ധിച്ച് തുടങ്ങിയത് എന്ന് മുതലാണെന്നു ഓർമ്മയില്ല .എന്തിരുന്നാലും  രോമങ്ങൾ തിങ്ങി വളർന്ന അയാളുടെ മുഖത്തിലെ കറുത്ത കണ്ണുകൾക്ക് എന്തെന്നില്ലാത്ത ഒരു തിളക്കം ഉണ്ടായിരുന്നു .

വീട്ടിലെയും സ്കൂളിലെയും ബഹളത്തിനിടയിൽ നിന്ന് അല്പം ആശ്വാസം കിട്ടുന്നത് രാവിലെ വീട്ടിൽ നിന്നും സ്കൂളിലേക്കും വൈകുന്നേരം തിരിച്ചുമുള്ള ബസ് യാത്രയിലാണ് .പുറംമോടികളില്ലാത്ത പച്ചയായ ജീവിതത്തിൻറ്റെ  നേർക്കാഴ്ചയാണ് ബസ്സിൻറ്റെ ജനലഴിയിലൂടെ പുറത്തേക്കു നോക്കുമ്പോൾ കാണാൻ കഴിയുന്നത് എന്ന് പലപ്പോഴും തോന്നിട്ടുണ്ട് .ഇങ്ങനെ സുഖമമായ ഒരു ബസ് യാത്രയായിരുന്നു ജീവിതമെങ്കിൽ എന്ന് പലപ്പോഴും ആശിച്ചിട്ടുണ്ട് .ഒരു പക്ഷെ ആ  ആഗ്രഹത്തിന് ആക്കം കൂട്ടിയതിൽ ആൽത്തറയിലെ ആ രണ്ടു അന്തേവാസികൾക്ക് വലിയ പങ്ക്‌ തന്നെയുണ്ടെന്ന്  പറയേണ്ടിരിക്കുന്നു .ഒന്നും അവരെ ബാധിച്ചിരുന്നില്ല.ഒന്നിനെയും കൂസാതെ ഉള്ള കാലത്തെയും സമയത്തെയും  വകവെയ്കാതുള്ള  അവരുടെ ജീവിത ശൈലി പലപ്പോഴും എന്നെ കുശുമ്പുപിടിപ്പിച്ചിരുന്നു .

ക്ഷീണിച്ചു ഉണങ്ങിയ ശരീരം.എണ്ണ  തേച്ചു മിനുക്കാനോ ചീകി ഒതുക്കാനോ പണിപ്പെടാത്ത അങ്ങിങ്ങു നരച്ച മുടി.ചളി പിടിച്ച  ഷർട്ടും കീറിപ്പറിഞ്ഞ കള്ളിമുണ്ടും ധരിച്ച അയാളുടെ ഒപ്പം എപ്പോഴും  തവിട്ടു നിറമുള്ള ഒരു നായയും ഉണ്ടായിരുന്നു .ചില ദിവസം രാവിലെ ഇരുവരും കെട്ടിപിടിച്ചുറങ്ങുന്നതു കാണാം .ചില ദിവസങ്ങളിൽ അവർ പ്രാതൽ പങ്കിടുന്നതും .ആരും അവരെ ശ്രദ്ധിക്കാറില്ല.കണ്ട ഭാവം നടിക്കാറില്ല.അവരും തിരിച്ചങ്ങനെയാണ്.അവരുടേതായ ലോകത്തിൽ അവർക്കു ശരിയെന്നു തോന്നുന്നത് ചെയ്തു അവരും ജീവിച്ചു .
ഒരു ദിവസം നോക്കിയപ്പോൾ പൊട്ടിയ ഒരു കണ്ണാടി ചില്ലിലൂടെ സ്വന്തം പ്രതിബിംബം നോക്കി ഉറക്കെ ചിരിക്കുകയാണ് അയാൾ അയാളുടെ ചുറ്റും വാലാട്ടിക്കൊണ്ടു ആ നായയും ഓടുന്നുണ്ട്.ചിലർ  മാറി നിന്ന് അയാളെ പരിഹസിക്കുന്നത് ഞാൻ കണ്ടു.ചിലരുടെ കണ്ണുകളിൽ സഹതാപം .ചിലർ ഇതൊന്നും താങ്കളെ ബാധിക്കുന്നില്ല എന്ന മട്ടിൽ മുഖം തിരിച്ചു നടന്നകലുന്നു .വേറൊന്നും കാണാൻ അനുവദിക്കുന്നതിനു മുൻപ് ബസ് ആൽത്തറ വിട്ടു മുന്നോട്ടുപോയിരുന്നു.വട്ടു തന്നെ.ഞാൻ മനസ്സിലുറപ്പിച്ചു .പതുക്കെ ജനലഴിയുലൂടെ പുതിയ കാഴ്ചകളിലേക്ക് ശ്രദ്ധ തിരിച്ചു .വൈകുന്നേരം നോക്കിയപ്പോൾ ആൽത്തറയിൽ ഇരുന്നു ധ്യാനിക്കുകയാണ് ആ ഭ്രാന്തൻ.അയാളുടെ പ്രിയപ്പെട്ട നായയും അടുത്ത് തന്നെയുണ്ട്.അയാളുടെ മുഖത്തേക്ക് നോക്കി വളരെ ഗൗരവത്തോടെ ഇരിക്കുകയാണ് അത്.ആ രംഗം കണ്ടപ്പോൾ എൻ്റ്റെ  മനസ്സിൽ ചിരി പൊട്ടി.അവർ  കാഴ്ചയിൽ നിന്ന് മറയുന്നതു വരെ ഞാൻ തലതിരിച്ചു അവരെ തന്നെ നോക്കികൊണ്ടിരുന്നു.വീട്ടിലെത്തുന്നതുവരെ ആ രംഗമായിരുന്നു മനസ്സിൽ .വീട്ടിൽ എത്തിയപ്പോൾ അമ്മയുടെ പരിഭവം പറച്ചിലിനിടയിൽ അവര് മുങ്ങിപ്പോയി എന്ന് തന്നെ വേണം പറയാൻ .
പിന്നീടങ്ങോട്ട് എൻ്റ്റെ  പതിവ് ബസ് യാത്രയിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഘടകങ്ങളായി അവര് മാറി.അവരെ കാണാത്ത  ദിവസങ്ങളിൽ വല്ലാത്ത ഒരു വീർപ്പുമുട്ടൽ  അനുഭവപെട്ടു തുടങ്ങി .അരുമല്ലെങ്കിലും  പതുക്കെ  എൻ്റ്റെ ആരൊക്കെയോ ആയി അവര് മാറി.

ദിവസം കഴിയും തോറും അയാൾ വെറും ഒരു ഭ്രാന്തനല്ലെന്ന തോന്നൽ മനസ്സിൽ ശക്തമായി തുടങ്ങി.അയാൾക്ക്‌ സ്വന്തമെന്നു പറയാൻ അഖേയുള്ളതു തവിട്ടു നിറമുള്ള നായയും കീറിപ്പറിഞ്ഞ ഷർട്ടും കള്ളിമുണ്ടുമാണ്'.പക്ഷെ ഒരു ദിവസവും അയാളുടെ മുഖത്ത് വിഷാദഭാവം നിഴലിക്കുന്നത് ഞാൻ കണ്ടിട്ടില്ല .ചിലപ്പോൾ കണ്ണാടി ചില്ലിലൂടെ തന്നെ തന്നെ നോക്കി ചിരിക്കുന്നു.മറ്റു ചിലപ്പോൾ ആൽമരത്തിനു  ചുറ്റും നൃത്തം  വെക്കുന്നു.ഉറക്കെ പാട്ടുപാടുന്നു .നായയ്‌ക്കൊപ്പം കളിക്കുന്നു.അങ്ങനെ പ്രത്യേകിച്ച്  ഒരു പണിയുമില്ലെങ്കിലും എപ്പോഴും എന്തിലെങ്കിലും വ്യാപൃതനാണ് അയാൾ.പരിഭവങ്ങളില്ല  പരാതികളില്ല .വൈകുന്നേരങ്ങളിലുള്ള അയാളുടെ ധ്യാനം ഒരു പക്ഷെ പുതിയൊരു ദിവസം കൂടി നൽകിയ സർവ്വേശ്വരനോടുള്ള നന്ദി പ്രകാശനം ആവാം .ഒന്നാലോചിച്ചു നോക്കിയാൽ നമ്മൾ സാധാരണ മനുഷ്യനേക്കാൾ എത്രയോ മടങ്ങു ഉയരത്തിലാണ് അയാൾ .ശരിക്കും അയാൾക്കാണോ അതോ നമുക്ക് വ്യാഖ്യാനിക്കാൻ കഴിയാത്ത അയാളുടെ പ്രവർത്തികളെ ഭ്രാന്തെന്ന് മുദ്രകുത്തുന്ന നമുക്കാണോ കുഴപ്പമെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു .
ആഴ്ചകളും മാസങ്ങളും കടന്നുപോയി.ആ മനുഷ്യൻറ്റെ  ദിനം തോറും മാറി വരുന്ന ചേഷ്ടകളെ പറ്റി ചിന്തിച്ചു സമയം കളയുന്നത് എൻ്റ്റെ  വിനോദമായി മാറിക്കഴിഞ്ഞിരുന്നു .പക്ഷെ ഒരിക്കലും തൃപ്തിയുള്ള ഒരുത്തരത്തിൽ ഞാൻ എത്തിച്ചേർന്നില്ല .എന്നെങ്കിലും എന്റ്റെ സംശയങ്ങൾക്കുള്ള മറുപടി അയാളിൽ നിന്ന് തന്നെ ചോദിച്ചറിയണമെന്നു  ഞാൻ നിശ്ചയിച്ചിരുന്നു .

ആൽത്തറയുടെ  അടുത്ത് ബസ് എത്തിയപ്പോൾ പതിവുപോലെ അന്നും ഞാൻ ജനലഴിയിലൂടെ  എൻ്റ്റെ  സുഹൃത്തുക്കൾക്കായി     കണ്ണോടിച്ചു .പക്ഷെ ചിരിച്ചുകൊണ്ടിരുന്ന അയാൾക്ക്‌ പകരം എൻ്റ്റെ  കണ്ണുകളെ കാത്തിരുന്നത് ചെറിയ ഒരാൾക്കൂട്ടവും മലർന്നു കിടക്കുന്ന അയാളുടെ ശരീരത്തിനരികെ കാവൽ നിൽക്കുന്ന ആ നായയെയും ആണ് .എന്നെ വല്ലാതെ ആകർഷിച്ച തിളക്കം നിറഞ്ഞ കണ്ണുകൾക്ക് ജീവനില്ലാതെ  ആയിരിക്കുന്നു .എൻറ്റെ കണ്ണിൽ നിന്നും ഇറ്റു  വീഴും കണ്ണീരിനെ വകവയ്ക്കാതെ  ബസ് അതിൻറ്റെ പതിവ് യാത്ര തുടർന്നു .
എൻ്റ്റെ ഉള്ളിൽ ഇരച്ചുകേറിയ നഷ്ടബോധത്തിൻറ്റെ കാരണം അന്നും ഇന്നും എനിക്ക് മനസിലായിട്ടില്ല .ഒരു പക്ഷെ ഞാനെന്ന വ്യക്തി അയാളെ ശ്രദ്ധിച്ചിരുന്നു എന്നുപോലും അയാള് തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല .പിന്നീടൊരിക്കലും ആ ബസ് യാത്രയ്ക്ക് പഴയ ഒരു അർത്ഥം കൈവന്നതായി തോന്നിട്ടില്ല .കാലം മായ്ക്കുന്ന മുറിവുകളോടൊപ്പം പുതിയ ഒരു അദ്ധ്യായം കൂടി.

Comments

Popular Posts