Skip to main content

Featured Post

ആത്മാവ് പാടുമ്പോൾ - 5, ലോക്ക് ഡൗൺ

കറുപ്പിനും വെളുപ്പിനും നടുക്ക്, രാത്രിയ്ക്കും പകലിനും മദ്ധ്യേ വീണ്ടുവിചാരത്തിന്റെ നേർത്ത  ഒരിടമുണ്ടത്രേ. പാഞ്ഞു പോകുന്ന കാലത്തിനെ എത്തിപിടിക്കാൻ നെട്ടോട്ടം ഓടുന്ന മനുഷ്യന്  പച്ചയ്ക്കും ചുവപ്പിനുമിടയിൽ വിലക്കിന്റെ ഒരു മഞ്ഞ ഉള്ളതുപോലെ. മഞ്ഞപുതച്ച ആ കാലത്താണ് നാം. ഓട്ടം നിർത്തി ഒരല്പം പയ്യെ പോകാം എന്ന് കാലം തന്നെ പറയ്യേണ്ടി വന്ന പോലെ. മനസ്സിന്റെ മുഖംമൂടികൾക്ക് മീതെ, വികാരങ്ങളെ കുരുക്കുന്ന കണ്ണുകൾ മാത്രം പുറത്താക്കി മുഖങ്ങൾ കൂടി മൂടിക്കെട്ടി ഒരു കാലം.  "ഹാ മനുഷ്യാ.. ഇനി നിന്റെ കണ്ണുകൾ സംസാരിക്കട്ടെ. വാക്കുകൾ മരിക്കട്ടെ. നീ ആരെന്ന് നീ തന്നെ അറിയട്ടെ!!!", കാലം പറഞ്ഞു. സ്നേഹം സ്വഭവനങ്ങളിലേയ്ക്ക് മടങ്ങി. മലിനമായതൊക്കയും തെളിഞ്ഞു. ലക്ഷ്യങ്ങൾ എകീകരിക്കപ്പെട്ടു. ജീവിക്കുക.. അത്ര മാത്രം.  ഇന്നേയ്ക്കപ്പുറം നാളെയെന്തനറിയില്ല.    അനിശ്ചിതത്വം കര കവിഞ്ഞൊഴുകുന്നു. എങ്കിലും... പൊടി പിടിച്ച പലതിനെയും പൊടി തട്ടി ഓർത്തെടുക്കാൻ  , ജീവിതത്തെയും ഉത്തരവാദിത്വങ്ങളെയും പഴി ചാരി മനപ്പൂർവം മറന്ന ചിലതിലേയ്ക്ക് തിരിച്ചുപോകാൻ  , ചില പഴങ്കഥകളെ കൂട്ടുപിടിക്കാൻ , എല്ലാത്തിനുമുപരിയായ

ആത്മാവ് പാടുമ്പോൾ - ഭാഗം ഒന്ന്





ഇരുവശങ്ങളിലും റബർമരങ്ങൾ തിങ്ങി വളരുന്ന ആളൊഴിഞ്ഞ വഴിയിലൂടെ കൈകൾ കോർത്ത് നടക്കുകയാണ് ഞങ്ങൾ. സന്ധ്യ മയങ്ങുന്ന സമയം. പയ്യെ വീശുന്ന കാറ്റിൽ മദിച്ചാടുന്ന ഇലകളുടെ മർമ്മരവും, കൈവിട്ട് പോയെന്ന് നിരീച്ച ചില ചിന്താശകലങ്ങളെ ഓർമ്മയിലേക്ക് തള്ളി വിടുന്ന ചീവിട് ചിലപ്പുകളും, പകൽ മുഴുവൻ ചുറ്റിത്തിരിഞ്ഞു വീടുകളിലേക്ക് മടങ്ങുന്ന പക്ഷികളുടെ കലകലപ്പും കാതോർത്ത്
ബാലിശമായ സ്വപ്നങ്ങൾ മയങ്ങുന്ന പഴയ ആ മരത്തണൽ ലക്ഷ്യമാക്കി ഞാനും രവിയും.

ഈർഷയോടെ മാത്രം കണ്ടിരുന്ന വേനലവധി കാലത്തെ നാട് സന്ദർശനത്തിന് പുതിയൊരു മാനവും അർത്ഥവും കൈവന്നത് 13 വർഷം മുൻപുള്ള ഒരു കൂടിക്കാഴ്ചയിലാണ്. മുത്തച്ഛന്റെ കൈപിടിച്ച് തോട്ടം കാണാൻ ഇറങ്ങിയ എന്റെ കണ്ണുകളുടക്കിയത്  വരണ്ടുണങ്ങിയ ചായക്കട്ടകളിൽ വെള്ളം ചാലിച്ച് മരത്തടിയിൽ വരയ്ക്കുന്ന മെല്ലിച്ച കറുത്തിരുണ്ട ആ ചെക്കനായിരുന്നു. "പയ്യൻ നന്നായി വരയ്ക്കുന്നല്ലോ മാധവാ.." എന്ന അഭിനന്ദനവാക്കുകൾക്ക് ശേഷം എന്റെ കൈപിടിച്ച് മുത്തച്ഛൻ മുന്നോട്ട് നടക്കുമ്പോൾ മുഖം തിരിച്ച് ഞാനവനെ ഒന്നു കൂടി നോക്കി. ഇമവെട്ടാതെ അവന്റെ കണ്ണുകളും എന്നെ തന്നെ നോക്കി കൊണ്ടിരുന്നു.

"എത്തി"
 എന്റെ ചിന്തകളിൽ നിന്ന് എന്നെ വലിച്ചെടുത്ത് രവിയുടെ ശബ്ദം മുഴങ്ങി.
തലതിരിച്ച് ആ മുഖം നോക്കി പുഞ്ചിരിച്ച് , ഞാൻ ചോദിച്ചു,
 "ഇരിക്കാമല്ലേ? "
ഞങ്ങൾ ഇരുവരും കൈകൾ തെല്ലയക്കാതെ ഇരുന്നു. വെറുതെ.. കുറേയേറെ നേരം.. ഒരക്ഷരം പോലും ഉരിയാടാതെ..

ചില ബന്ധങ്ങളെ വാക്കുകൾ വികൃതമാക്കുന്നതായി തോന്നിട്ടുണ്ട്. വാക്കുകളുടെ ആധിക്യത്തേക്കോൾ വാക്കുകളുടെ അഭാവം ചില ബന്ധങ്ങൾ മനോഹരമാക്കുന്നു. അവിടെ സംസാരിക്കുക ആത്മാവാണ്.  ഒരു ആത്മാവിന്റെ സംഗീതം ചെവിയോർത്തിരിക്കുന്ന മറ്റൊരു ആത്മാവ്. അതായിരുന്നു ഞങ്ങൾ.

"കമല", രവി വിളിച്ചു.
"ഉം" , ഞാൻ മൂളി
"ഇതും മടക്ക് യാത്ര നിശ്ചയിച്ചുള്ള വരവുതന്നെയല്ലേ?"
ആത്മസംഗീതത്തിലെ ചോരമയം അപ്പോഴാണ് എന്റെ ശ്രദ്ധയിൽപ്പെട്ടത്. എന്തോ ഒന്ന് എന്റെ ഹൃദയത്തെ കനപ്പെടുത്തി. പതുക്കെ ഞാൻ ആ കവിൾ തടങ്ങളിൽ ചുംബിച്ചു. പിന്നെ രവിയുടെ തോളിൽ തല ചായ്ച്ച് കണ്ണുകളടച്ച് കുറച്ച് നേരം ഞാൻ കിടന്നു. നിമിഷായുസ്സ് മാത്രമുള്ള ദിവാസ്വപ്നങ്ങൾ കണ്ടു.

"കമല... വൈകി..പോകാം..." രവി എന്നെ തട്ടിയുണർത്തി. കൈവിട്ട് പോകുന്ന ഭയത്തിൽ ആ കൈകളിൽ ഞാൻ കൂടുതൽ മുറുകെപ്പിടിച്ചു.
പിന്നെ പതുക്കെ നടന്നു.

ഇനിയും ഇത്തരം ഒരു സായാഹ്നത്തിലേക്ക് നീണ്ട കാത്തിരിപ്പ്..തിരിച്ച് വരുന്നതുവരെ ശ്വാസം നിലയ്ക്കാതിരിക്കാൻ പ്രാണവായു എന്ന വിധം രവിയുടെ ഒരോ ചലനങ്ങളും ഞെരുക്കവും ഞാൻ ഒപ്പിയെടുത്തു.
ഒരു പക്ഷേ കാത്തിരിപ്പില്ലായിരുന്നെങ്കിൽ ഈ പ്രണയവും പാതി വഴിയിൽ ജീവനറ്റ് വീഴുമായിരുന്നോ എന്നു ഞാൻസംശയിച്ചിരുന്നു.
പക്ഷേ വാക്കുകളേക്കാൾ ചില ചോദ്യങ്ങൾക്ക് മൗനമാണത്രെ മികച്ച മറുപടി.



Comments

Post a Comment

Popular Posts