Skip to main content

Featured Post

ആത്മാവ് പാടുമ്പോൾ - 5, ലോക്ക് ഡൗൺ

കറുപ്പിനും വെളുപ്പിനും നടുക്ക്, രാത്രിയ്ക്കും പകലിനും മദ്ധ്യേ വീണ്ടുവിചാരത്തിന്റെ നേർത്ത  ഒരിടമുണ്ടത്രേ. പാഞ്ഞു പോകുന്ന കാലത്തിനെ എത്തിപിടിക്കാൻ നെട്ടോട്ടം ഓടുന്ന മനുഷ്യന്  പച്ചയ്ക്കും ചുവപ്പിനുമിടയിൽ വിലക്കിന്റെ ഒരു മഞ്ഞ ഉള്ളതുപോലെ. മഞ്ഞപുതച്ച ആ കാലത്താണ് നാം. ഓട്ടം നിർത്തി ഒരല്പം പയ്യെ പോകാം എന്ന് കാലം തന്നെ പറയ്യേണ്ടി വന്ന പോലെ. മനസ്സിന്റെ മുഖംമൂടികൾക്ക് മീതെ, വികാരങ്ങളെ കുരുക്കുന്ന കണ്ണുകൾ മാത്രം പുറത്താക്കി മുഖങ്ങൾ കൂടി മൂടിക്കെട്ടി ഒരു കാലം.  "ഹാ മനുഷ്യാ.. ഇനി നിന്റെ കണ്ണുകൾ സംസാരിക്കട്ടെ. വാക്കുകൾ മരിക്കട്ടെ. നീ ആരെന്ന് നീ തന്നെ അറിയട്ടെ!!!", കാലം പറഞ്ഞു. സ്നേഹം സ്വഭവനങ്ങളിലേയ്ക്ക് മടങ്ങി. മലിനമായതൊക്കയും തെളിഞ്ഞു. ലക്ഷ്യങ്ങൾ എകീകരിക്കപ്പെട്ടു. ജീവിക്കുക.. അത്ര മാത്രം.  ഇന്നേയ്ക്കപ്പുറം നാളെയെന്തനറിയില്ല.    അനിശ്ചിതത്വം കര കവിഞ്ഞൊഴുകുന്നു. എങ്കിലും... പൊടി പിടിച്ച പലതിനെയും പൊടി തട്ടി ഓർത്തെടുക്കാൻ  , ജീവിതത്തെയും ഉത്തരവാദിത്വങ്ങളെയും പഴി ചാരി മനപ്പൂർവം മറന്ന ചിലതിലേയ്ക്ക് തിരിച്ചുപോകാൻ  , ചില പഴങ്കഥകളെ കൂട്ടുപിടിക്കാൻ , എല്ലാത്തിനുമുപരിയായ

സ്വപ്നങ്ങളിലേക്കുള്ള അകലം

    

26  മെയ് ________ . വർഷം പരാമർശിക്കുന്നില്ല .കാലത്തെ അതിജീവിക്കുന്ന പ്രതിഭാസങ്ങളുടെ പട്ടികയിൽ ഇതും ഉൾപെടുത്തേണ്ടി വരും എന്നാണ് എൻറ്റെ  അനുമാനം .പതിവുപോലെ ഏഴരമണിയോടെ പല്ല്  തേച്ച് ഒരു ചായയൊക്കെ കുടിച്ചിരിക്കുമ്പോളാണ് കസിൻറ്റെ കോൾ ..."ഡീ ..നമുക്കിന്ന് പടത്തിന് പോയാലോ .വെള്ളിയാഴ്ച ഒത്തില്ലല്ലോ .പാലാ യുവറാണിയിൽ ടോവിനോയുടെ പുതിയ പടമാണ് .നീയുണ്ടോന്നറിഞ്ഞാൽ  ജെനിയോട് കൂടി പറയാമായിരുന്നു ." അപ്പോഴാണ് സിനിമ കാണാനുള്ള പൂതി  എൻറ്റെ മനസ്സിലും  ഉണർന്നത് .തലേ ആഴ്ചയേ ഹൈകമ്മീഷണറുടെ അനുമതി വാങ്ങി വച്ചിട്ടുണ്ടായിരുന്നു .എങ്കിലും ഒരു അവസാനനിമിഷ ഉറപ്പിനായി ഞാൻ എൻറ്റെ അപ്പനായി ചുറ്റും പരതി .അപ്പോഴാണ് അപ്പുറത്തെ മുറിയിൽ സൗമ്യനായി തുണി തേയ്ക്കുന്ന അപ്പൻ കണ്ണിൽപെട്ടത് .പൂച്ചക്കുഞ്ഞിനെ താലോലിക്കുന്ന പോലെ തൊട്ടു തൊട്ടില്ല എന്ന തരത്തിൽ ആണ് അപ്പൻറ്റെ തുണി തേര് ."അപ്പാ ..അല്ലുവാ വിളിച്ചേ ..ഞങ്ങൾ പാലായിൽ പടം കാണാൻ പോകാനാ .അപ്പൻ വളരെ പതിയെ തൻറ്റെ  തല തിരിച്ചു .മുഖത്തു പെട്ടെന്നൊരു ഭാവമാറ്റം . "നിങ്ങൾ  മുണ്ടക്കയത്ത്  പടം കാണാൻ പോകാൻ തീരുമാനിച്ചിട്ടെന്താ പാലായ്ക്ക്!! ...ഇനിയിപ്പം നീ കെട്ടിയെഴുന്നെള്ളി പടം കാണാൻ പാലായ്ക്കൊന്നും പോകണ്ട ..അല്ലേലും ഇന്നവളുടെ റിസൾട്ട് വരുന്ന ദിവസമല്ലേ . ഞാനും ഇന്ന് കടയിൽ പോകുന്നില്ല “.തിയറ്ററിൻറ്റെ സ്ഥലം മാറിയതാണോ അതോ അവളുടെ റിസൾട്ട് വരുന്നതാണോ കാരണമെന്നറിയില്ല , അന്നേ ദിവസത്തെ എൻറ്റെ പടം കാണാനുള്ള പൂതിയെ  അപ്പൻ വേരോടെ പിഴുത് അപ്പുറത്തെ പറമ്പിലെറിഞ്ഞു .

അവളെന്നു പറയുമ്പോൾ എൻറ്റെ അനിയത്തിയാണ് .CBSE  12 ആം  ക്ലാസ് വിദ്യാർഥിനി.അങ്ങനെ മാസങ്ങളോളം  മൂടി പാത്ത് വച്ചിട്ട് CBSE രഹസ്യം പുറത്തുവിടുന്ന മഹാസുദിനമാണ് ഇന്ന് .വീട്ടിലാകമൊത്തം അതിൻറ്റെ  ഒരാഘാതം കാണാനുണ്ട് .12 ആയപ്പോഴേക്കും അടുക്കളയിലെയും മറ്റു മുറികളിലെയും അന്തേവാസികൾ ലീവിങ് റൂമിൽ എത്തിയിട്ടുണ്ടായിരുന്നു .ശരിക്കും സിനിമയിലൊക്കെ പറയുന്നപ്പോലെ ഓരോ നിമിഷത്തിനും മണിക്കൂറുകളുടെ ദൈർഘ്യം അനുഭവപ്പെടുന്നു .ഇതിനിടയ്ക്ക് ഫോൺ ഇടയ്ക്കിടക്ക് ചിലയ്ക്കുന്നുണ്ട് .പ്രാർഥനസഹായമഭ്യർത്ഥിച്ച ബന്ധുമിത്രാദികളുടെ വിളിയാണത് .വല്യപ്പനാകട്ടെ വലിയവായിൽ  ടിവി യും വച്ചിട്ടുണ്ട് . ബഹളത്തിനെല്ലാമിടയിൽ അത് സംഭവിച്ചു .എല്ലാവരുടെയും ചുണ്ടുകൾ ഒരുപോലെ ചലിക്കുന്നു . വായനയുടെ രത്നച്ചുരുക്കമിതാണ് .മുഴുവൻ + ഇല്ല .സൗമന്യയായിരുന്ന അപ്പൻറ്റെ കണ്ണുകളിൽ ആരോ തീ കോരിയിട്ടതുപോലെ  ചുവന്നു .മേലാകെ വിറയ്ക്കുന്നുണ്ട് .എന്തോ അത്യാഹിതം സംഭവിച്ചതുപോലെ അമ്മ വാവിട്ട് നിലവിളിക്കുന്നു . കാര്യങ്ങളുടെ കിടപ്പു മനസ്സിലായ വല്യമ്മച്ചി സമാധാനത്തിൻറ്റെ വെള്ളരി പ്രാവായി അവതരിച്ചു .ഇതിനിടയിൽ വല്യപ്പൻ ഇതൊക്കെ എത്ര കണ്ടിരിക്കുന്ന എന്ന മട്ടിൽ ന്യൂസ് ചാനലുകൾ മാറ്റി മാറ്റി വയ്ക്കുന്നു .കുറച്ചുനേരത്തേക്ക് നിശബ്ദമായിരുന്ന  ഫോണുകളിലേക്ക് കോളുകൾ നിരന്തരമായി വന്നുകൊണ്ടിരിന്നു. പ്രാർത്ഥനകൾക്ക് നന്ദി പറയുന്നതിന് പകരം കിട്ടാതെ പോയ + നെ പറ്റിയുള്ള സങ്കടം പറച്ചിലിനിടയിൽ കോളുകൾ അവസാനിച്ചു .കണ്ണീരിൻറ്റെ  എപ്പിസോഡുകൾ ഒരാഴ്ചത്തോളം നീണ്ടു .


ഒരാഴ്ചക്കാലത്തോളം കഥാകാരിയായ ഞാൻ വെറും കാഴ്ചക്കാരിയായി നിന്നു .അഭിപ്രായം രേഖപെടുത്താനോ വക്കാലത്ത് പറയാനോ പോയില്ല .അടുത്തതായി അരങ്ങേറാൻ പോകുന്ന തിരഞ്ഞെടുപ്പ് നാടകത്തെ കുറിച്ചുള്ള ചിന്തയിലായിരുന്നു ഞാൻ .12 ആം ക്ലാസ് ഫലത്തിന് ശേഷം അധികം വൈകാതെ ആണ് എനിക്കും അതിനു വഴങ്ങേണ്ടി വന്നത് .വാരികൂട്ടിയ  മാർക്കും + ഉം കൂടെ ചേർത്ത്  മനസ്സിൻറ്റെ തുലാസ്സിൻറ്റെ വലത്ത് വശത്ത് പ്രൊഫഷണൽ കോഴ്സ് ഉം മറുവശത്ത് എൻറ്റെ  സ്വപ്നവിഷയങ്ങളും വച്ച് അവർ തൂക്കിനോക്കി .കനം  കൂടിയ മാർക്ക് കുട്ട വലതുവശത്തെ നിലംതൊടീച്ചു .ഇന്നും ചവറ്റുകൊട്ടയിൽ കിടന്ന് സ്വപ്നങ്ങൾ എന്നെ നോക്കി ഉറക്കെനിലവിളിക്കാറുണ്ട് .ഇതുതന്നെയാവണം അവളുടെ ജീവിതത്തിലും സംഭവിക്കാൻ പോകുന്നത് എന്ന് കരുതിയിരിക്കുകയായിരുന്നു ഞാൻ .എനിക്ക് സംഭവിച്ചതുപോലെ അവൾക്കുണ്ടാവരുത് എന്ന് കരുതി എൻറ്റെ  ന്യായവാദങ്ങൾക്ക് മൂർച്ചകൂട്ടി തയാറാകുകയായിരുന്നു ഞാൻ .അങ്ങനെയിരിക്കെയാണ് അപ്പൻ അവളോട് അത് പറഞ്ഞത് , " ഇനി നിൻറ്റെ ഇഷ്ടം പോലെ എന്താന്ന് വച്ചാലായിക്കോ ..എൻറ്റെ അഭിപ്രായം ചോദിക്കാൻ വരേണ്ട" ..അപ്പൻ ഇത് നീരസത്തോടെ ആണ് പറഞ്ഞതെങ്കിലും ഒരാഴ്ചത്തെ സങ്കടം അവൾക്കു സമ്മാനിച്ചത് കുറെ കാലത്തേക്കുള്ള സന്തോഷത്തിനുള്ള ലോട്ടറി ആണെന്നാണ് എനിക്ക് തോന്നിയത് .ഒരു സങ്കടവും ശാശ്വതമല്ല എന്ന് അന്നെനിക്ക് മനസ്സിലായി .എൻറ്റെ  സ്വപ്നങ്ങളിലേക്ക് ഉള്ള പച്ചക്കൊടിയും  ഏതാനും + കൾ മാത്രം അകലെയായിരുന്നിരിക്കണം .

Comments

Popular Posts